Sunday, September 15, 2013

ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ കൃതികളില്‍ നിന്നു് -



യുക്തമെന്നാല്‍ കുട്ടി ചൊല്ലിയാലും

കൈക്കൊള്‍ക യുക്തിയില്ലെന്നാകില്‍

ധിക്കരിച്ചീടടോ ബ്രഹ്മാവു് ചൊന്നാലും

പുല്‍ക്കൊടി പോലെ നീ ജ്ഞാനപ്പെണ്ണേ.



സമദൃഷ്ടിയുണ്ടായാല്‍ നന്നാകും

സമദൃഷ്ടിയില്ലാഞ്ഞാല്‍ കെട്ടു് പോകും

സമദൃഷ്ടി വേണ്ടതു് സമദൃഷ്ടി വേണ്ടതു്

സമദൃഷ്ടി വേണ്ടതു് ജ്ഞാനപ്പെണ്ണേ.



കഞ്ചാവും കള്ളും കുടിച്ചിടാതെ

നെഞ്ചകത്താനന്ദകള്ളുണ്ടു്

അഞ്ചാതെ ആയതു് സേവിച്ചുകൊള്ളുകില്‍

അഞ്ചും യമന്‍ നിന്നെ ജ്ഞാനപ്പെണ്ണേ.



അന്യനുപദ്രവം തട്ടാതെ

തന്നുടെ കാര്യം കഴിക്കുന്നതു്

തന്നെ അഹിംസ, അതിങ്കലെല്ലാധര്‍മ്മം

നന്നായടങ്ങിപ്പോയ് ജ്ഞാനപ്പെണ്ണേ.



ദൈവം തരുമെന്നു് ചൊല്ലിച്ചിലര്‍

കൈവെടിഞ്ഞീടുന്നു യത്നത്തിനെ

ദൈവം കൃഷിചെയ്തു് ചോറുവാരിത്തരാ

കൈവല്യേവേലചെയ് ജ്ഞാനപ്പെണ്ണേ



---------------സിദ്ധാനുഭൂതി

ആനന്ദാദര്‍ശം - ചില ലിങ്കുകള്‍



Kerala PSC Guide

Malayalam Encyclopedia

Friday, September 13, 2013

ആലത്തൂര്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവിത ദര്‍നവും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ജീവിത ചര്യയും ആഴത്തിലുള്ള പഠനവും വിലയിരുത്തലും ഈ കാലഘട്ടം ആവശ്യപ്പെടുന്നു



ആലത്തൂര്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി കേരളത്തിലെ അറിയപ്പെടുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവും യുക്തി ചിന്തകനും വിഗ്രഹാരാധനാ ഖണ്ഡകനും പുരോഗമനവാദിയും സര്‍വ്വോപരി സമൂഹ സ്നേഹിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളോ അവയേക്കുറിച്ചുള്ള ശരിയായ വിലയിരുത്തലുകളോ സാമൂഹ്യ ശൃംഖലയില്‍ ലഭ്യമായി കണാത്തതിനാല്‍ അവ ലഭ്യമാക്കുന്നതിനുള്ള ചെറിയ തുടക്കം ഇവിടെ കുറിക്കുകയാണു്.

അദ്ദേഹം ആത്മീയതയില്‍ നിന്നാണു് തുടങ്ങിയതെങ്കിലും ആത്മീയതയെ അടിസ്ഥാനമാക്കിയാണു് അദ്ദേഹത്തിന്റെ വാദഗതികള്‍ മുന്നോട്ടു് വെയ്ക്കുന്നതെങ്കിലും അന്ധവിശ്വാസത്തിനെതിരെ ശക്തമായ പോരാട്ടമാണു് നടത്തിയതു്. അദ്ദേഹം തന്റെ പതിനാറോളം കൃതികളിലൂടെ ജാതീയതയേയും മതാന്ധതയേയും വര്‍ഗ്ഗീയതയേയും വിഗ്രഹാരാധനയേയും ഇതര അനാചാരങ്ങളേയും മാത്രമല്ല, ദൈവാരാധനയെ തന്നെയും ഭാരതീയ ദര്‍ശനങ്ങളുടേയും യുക്തിയുടേയും അനുഭവങ്ങളുടേയും പിന്‍ബലത്തോടെ ഖണ്ഡിച്ചു് സമൂഹത്തെ അജ്ഞതയുടേയും ദുരിതങ്ങളുടേയും ചൂഷകരുടേയും പിടിയില്‍ നിന്നു് മോചിപ്പിക്കാനുള്ള ഒരു ജീവിത ദര്‍ശനം ക്രോഡികരിച്ചു. ആത്മീയതയിലൂന്നിയതാണെങ്കിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ നടത്തുകയോ മനുഷ്യന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയോ അവന്റെ ചെയ്തികളില്‍ സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്ന ദൈവത്തിനോ ജീവിതാനന്തരം സ്വര്‍ഗ്ഗ നരകങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ മതത്തിനോ വര്‍ഗ്ഗീയതയ്ക്കോ അതില്‍ ഇടമില്ല. സുഖ-ദുഖങ്ങളില്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടാതെ സമചിത്തതയോടെ പരസ്പര സ്നേഹത്തോടെ സാമൂഹ്യ കാഴ്ചപ്പാടോടെ മറ്റാരേയും ചൂഷണം ചെയ്യാതെയും മതിയായി അദ്ധ്വാനിച്ചും മിതമായി ആഹാരം കഴിച്ചും ജീവിതം നയിക്കുക എന്നതാണു് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനത്തിന്റെ കാതല്‍. മനോനിയന്ത്രണം എന്ന ആത്മീയ ചര്യ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അതാകട്ടെ, ദൈവ പ്രീതിക്കോ മരണാനന്തര സ്വര്‍ഗ്ഗത്തിനോ അല്ല, മറിച്ചു് ജീവിച്ചിരിക്കുമ്പോള്‍ ആവശ്യമായ ജീവിത സുഖത്തിനായി മാത്രമാണു് നിര്‍ദ്ദേശിക്കപ്പെടുന്നതു്. അതിന്റെ കാതലാകട്ടെ ദുരാഗ്രഹവും ലാഭക്കൊതിയും ഹിംസയും പരപീഢനവും സ്വയം പീഢനവും ഒഴിവാക്കി മന സ്വസ്ഥതയും ശാരീരിക സൌഖ്യവും ജീവിത സുഖവും നിത്യാനന്ദവും ഇഹലോക ജീവിതത്തില്‍ കൈവരിക്കുക എന്നതാണു്. സോഷ്യലിസ്റ്റു് സാമൂഹ്യക്രമത്തിന്റെ നിര്‍മ്മാണം ലക്ഷ്യം വെയ്ക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടുമായി ഏറെ ഒത്തു് പോകുന്ന ഒരു ദര്‍ശനമാണതു്.

സ്വാഭാവികമായും അദ്ദേഹത്തിന്റെ ദര്‍ശനവും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ജീവിതക്രമവും പുരോഗമന പ്രസ്ഥാനങ്ങളുടെ കൂലങ്കഷമായ പഠനവും വിലയിരുത്തലും ആവശ്യപ്പെടുന്നുണ്ടു്. അതിനൊരു തുടക്കമിടുകയാണിവിടെ, ഈ ബ്ലോഗിലൂടെ.

ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ കൃതികള്‍



ശിവയോഗ രഹസ്യം - Sivayoga Rahasyam - 1895

സ്ത്രീവിദ്യാ പോഷിണി - Sthri Vidya Poshini - 1899

സിദ്ധാനുഭൂതി - Sidhanubhuthi - 1903

മോക്ഷപ്രദീപം - Mokshapradeepam - 1905

ആനന്ദകല്പദ്രുമം - Anandakalpadrumam - 1905

ആനന്ദ സൂത്രം - Ananda Suthram - 1910

രാജയോഗ പരസ്യം - Rajayoga Parasyam - 1916

വിഗ്രഹാരാധനാ ഖണ്ഡനം - Vigraharadhana Khandanam - 1916

ആനന്ദ വിമാനം - Ananda Vimanam - 1916

ആനന്ദമത പരസ്യം - Anandamatha Paraysyam - 1919

ആനന്ദക്കുമ്മി - Anandakkummi - 1920

ആനന്ദ ഗാനം - Ananda Ganam - 1923

ആനന്ദാദര്‍ശം - Anandadarsam - 1927

ആനന്ദഗുരുഗീത - Anandagurugeetha - 1928

ആനന്ദ ദര്‍ശനം Anandadarsanam - 1928