Friday, September 13, 2013

ആലത്തൂര്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവിത ദര്‍നവും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ജീവിത ചര്യയും ആഴത്തിലുള്ള പഠനവും വിലയിരുത്തലും ഈ കാലഘട്ടം ആവശ്യപ്പെടുന്നു



ആലത്തൂര്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി കേരളത്തിലെ അറിയപ്പെടുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവും യുക്തി ചിന്തകനും വിഗ്രഹാരാധനാ ഖണ്ഡകനും പുരോഗമനവാദിയും സര്‍വ്വോപരി സമൂഹ സ്നേഹിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളോ അവയേക്കുറിച്ചുള്ള ശരിയായ വിലയിരുത്തലുകളോ സാമൂഹ്യ ശൃംഖലയില്‍ ലഭ്യമായി കണാത്തതിനാല്‍ അവ ലഭ്യമാക്കുന്നതിനുള്ള ചെറിയ തുടക്കം ഇവിടെ കുറിക്കുകയാണു്.

അദ്ദേഹം ആത്മീയതയില്‍ നിന്നാണു് തുടങ്ങിയതെങ്കിലും ആത്മീയതയെ അടിസ്ഥാനമാക്കിയാണു് അദ്ദേഹത്തിന്റെ വാദഗതികള്‍ മുന്നോട്ടു് വെയ്ക്കുന്നതെങ്കിലും അന്ധവിശ്വാസത്തിനെതിരെ ശക്തമായ പോരാട്ടമാണു് നടത്തിയതു്. അദ്ദേഹം തന്റെ പതിനാറോളം കൃതികളിലൂടെ ജാതീയതയേയും മതാന്ധതയേയും വര്‍ഗ്ഗീയതയേയും വിഗ്രഹാരാധനയേയും ഇതര അനാചാരങ്ങളേയും മാത്രമല്ല, ദൈവാരാധനയെ തന്നെയും ഭാരതീയ ദര്‍ശനങ്ങളുടേയും യുക്തിയുടേയും അനുഭവങ്ങളുടേയും പിന്‍ബലത്തോടെ ഖണ്ഡിച്ചു് സമൂഹത്തെ അജ്ഞതയുടേയും ദുരിതങ്ങളുടേയും ചൂഷകരുടേയും പിടിയില്‍ നിന്നു് മോചിപ്പിക്കാനുള്ള ഒരു ജീവിത ദര്‍ശനം ക്രോഡികരിച്ചു. ആത്മീയതയിലൂന്നിയതാണെങ്കിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ നടത്തുകയോ മനുഷ്യന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയോ അവന്റെ ചെയ്തികളില്‍ സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്ന ദൈവത്തിനോ ജീവിതാനന്തരം സ്വര്‍ഗ്ഗ നരകങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ മതത്തിനോ വര്‍ഗ്ഗീയതയ്ക്കോ അതില്‍ ഇടമില്ല. സുഖ-ദുഖങ്ങളില്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടാതെ സമചിത്തതയോടെ പരസ്പര സ്നേഹത്തോടെ സാമൂഹ്യ കാഴ്ചപ്പാടോടെ മറ്റാരേയും ചൂഷണം ചെയ്യാതെയും മതിയായി അദ്ധ്വാനിച്ചും മിതമായി ആഹാരം കഴിച്ചും ജീവിതം നയിക്കുക എന്നതാണു് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനത്തിന്റെ കാതല്‍. മനോനിയന്ത്രണം എന്ന ആത്മീയ ചര്യ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അതാകട്ടെ, ദൈവ പ്രീതിക്കോ മരണാനന്തര സ്വര്‍ഗ്ഗത്തിനോ അല്ല, മറിച്ചു് ജീവിച്ചിരിക്കുമ്പോള്‍ ആവശ്യമായ ജീവിത സുഖത്തിനായി മാത്രമാണു് നിര്‍ദ്ദേശിക്കപ്പെടുന്നതു്. അതിന്റെ കാതലാകട്ടെ ദുരാഗ്രഹവും ലാഭക്കൊതിയും ഹിംസയും പരപീഢനവും സ്വയം പീഢനവും ഒഴിവാക്കി മന സ്വസ്ഥതയും ശാരീരിക സൌഖ്യവും ജീവിത സുഖവും നിത്യാനന്ദവും ഇഹലോക ജീവിതത്തില്‍ കൈവരിക്കുക എന്നതാണു്. സോഷ്യലിസ്റ്റു് സാമൂഹ്യക്രമത്തിന്റെ നിര്‍മ്മാണം ലക്ഷ്യം വെയ്ക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടുമായി ഏറെ ഒത്തു് പോകുന്ന ഒരു ദര്‍ശനമാണതു്.

സ്വാഭാവികമായും അദ്ദേഹത്തിന്റെ ദര്‍ശനവും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ജീവിതക്രമവും പുരോഗമന പ്രസ്ഥാനങ്ങളുടെ കൂലങ്കഷമായ പഠനവും വിലയിരുത്തലും ആവശ്യപ്പെടുന്നുണ്ടു്. അതിനൊരു തുടക്കമിടുകയാണിവിടെ, ഈ ബ്ലോഗിലൂടെ.

1 comment:

  1. 1983-ല്‍ ഗുരു നിത്യചൈതന്യയതിയോടൊപ്പം ഞാന്‍ ആലത്തൂര്‍ഗുരുകുലം സന്ദര്‍ശിക്കാനിയയായതും സ്വാമി നിര്‍മലാനന്ദയോഗിയെ പരിചയപ്പെടാനിടയായതും ഓര്‍മ്മിക്കുന്നു.
    ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ പ്രവര്‍ത്തനങ്ങളുടെയും മറ്റും സ്വാധീനത്താല്‍ അമ്പതു വര്‍ഷം മുമ്പ് വളരെയേറെ യുക്തിചിന്തയും ശാസ്ത്രീയനിലപാടുകളും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയ്ക്ക് ഉണ്ടായിരുന്നു. എന്റെ ചെറുപ്പകാലത്ത് എം. സി ജോസഫും എ. റ്റി കോവൂരും ഒക്കെ എന്നെ വളരെ സ്വാധീനിച്ചിരുന്നു. തീര്‍ഥാടനഭ്രമവും ക്ഷേത്രാരാധനാഭ്രമവുമൊന്നും ഇന്നത്തെയത്ര അന്നില്ലായിരുന്നു. ഇന്നത്തെ യുവജനങ്ങള്‍ അന്നത്തെ യുവാക്കളെക്കാള്‍ അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്നാണ് ഞാന്‍ കാണുന്നത്. കാരണം യുക്തിവാദം ഒരുതരം ഷേവിങ് എഫക്ടാണുണ്ടാക്കുന്നത് എന്ന് ആദരണീയ നടരാജഗുരു പറഞ്ഞത് വളരെ ശരിയാണെന്ന് ഞാന്‍ കരുതുന്നു. ആത്മീയത ഒഴിവാക്കാനല്ല, ആത്മീയതയെയും ഭൗതികതയെയും ഡയലക്ടിക്കലായി സമീപിക്കാനാണ് പരിശീലനം നല്‌കേണ്ടത്. അതിനാല്‍ താങ്കള്‍ തുടങ്ങിവച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്. എല്ലാവിധ വിജയവും ആശംസിക്കുന്നു.

    ReplyDelete